പഠന സമയത്തെ ആർത്തവ കാലം സർക്കാർ സംരക്ഷണയിൽ; പുതിയ തുടക്കം കുറിച്ച് സർക്കാർ

തിരുവനന്തപുരം: വനിത വികസന കോർപറേഷന്റെ ആർത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഠനകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് വീണാ ജോർജ് വ്യക്തമാക്കി. ആർത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്പോൾ അതാത് സ്‌കൂളുകളിലെ ആൺകുട്ടികളിലും ആർത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം വളരുന്നതിനും, അതു വഴി സഹ വിദ്യാർത്ഥിനികളോടുള്ള അവരുടെ സമീപനം മാറുന്നതിനും ആ രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും സഹായിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിയ്ക്കാണ് സർക്കാർ തുടക്കം കുറിച്ചത്. കൗമാരപ്രായക്കാരായിട്ടുള്ള പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പരിപാടിയാണിത്. ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികളുടെ പഠനവേളയിലെ ആർത്തവകാലം സർക്കാരിന്റെ സംരക്ഷണയിൽ ആരോഗ്യകരവും ശുചിത്വമുള്ളതുമാക്കി മാറ്റി അവരെ ആരോഗ്യവതികളാക്കി മാറ്റുന്നുവെന്നും ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി.

പദ്ധതിയിലൂടെ കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണനിലവാരമുള്ള സുരക്ഷിതമായ പാഡുകളും അനുബന്ധ ഉപകരണങ്ങളും വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്നു. ഇതുവഴി മികച്ച ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കുകയാണ്. പദ്ധതി പൂർണമായും നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആർത്തവ മാലിന്യങ്ങൾ നശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പദ്ധതി പ്രകാരം ഉറപ്പാക്കുന്നു. മുതിർന്ന ടീച്ചർമാരുടെ/സ്‌കൂൾ കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തി പെൺകുട്ടികളുടെ കൗമാരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സംശയ നിവാരണം വരുത്തുന്നതിനും സാഹചര്യം ഒരുക്കുകയും ചെയ്യുന്നതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയാണ് പദ്ധതിയുടെ തീം പ്രകാശനം നിർവ്വഹിച്ചത്. പദ്ധതിയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി. ജൈവിക പ്രക്രിയ മാത്രമായ ആർത്തവത്തെ കുറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറാൻ ഈ പരിപാടി സഹായിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സമ്പൂർണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ പോലും സ്ത്രീ അശുദ്ധയാണെന്ന് വാദിക്കുന്നവർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്ന് കണ്ടതാണ്. സ്ത്രീക്ക് പ്രകൃതി നൽകിയിയിരിക്കുന്ന സ്വാഭാവികമായ ഒരു സവിശേഷതയെ പഴയകാലത്ത് അശുദ്ധമായി കണക്കാക്കിയിരുന്നത് അവരുടെ അറിവില്ലായ്മ മൂലമായിരുന്നു. എന്നാൽ ശാസ്ത്രം അത്ഭുതകരമായ നേട്ടം ഉണ്ടാക്കിയിട്ടും ആർത്തവത്തിന്റെ പേരിൽ സ്ത്രീയെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായ ജീവിതത്തിന് ആർത്തവം ഒരു തടസമല്ലെന്ന് പെൺകുട്ടികൾക്ക് ബോധ്യമുണ്ടാകണം. അതിനവരെ പ്രാപ്തമാക്കണം. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇത് മനസിലാക്കണം. എങ്കിൽ മാത്രമേ ലിംഗനീതി ഉറപ്പാകൂവെന്നും അദ്ദേഹം വിശദമാക്കി.