പീഡനത്തിനിരയായ ബാലികയെ സംബന്ധിച്ച ചിത്രങ്ങള്‍ പുറത്താക്കി; രാഹുല്‍ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷന്‍ !

ഡല്‍ഹി: പീഡനത്തിനിരയായ പെണ്‍കുട്ടിയെ സംബന്ധിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന്‍ ഡല്‍ഹി പോലീസിനും ട്വിറ്ററിനും നിര്‍ദ്ദേശം നല്‍കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍.

ശ്മശാനത്തില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതാണ് കേസിലേക്ക് നയിച്ചത്. പോക്സോ നിയമപ്രകാരം ഇരയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടെന്നു കാണിച്ചാണ് പോക്സോ നിയമത്തിന്റെ സെക്ഷന്‍ 23 പ്രകാരവും ഐപിസി 228 എ പ്രകാരവും രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.

പീഡനത്തിനിരയായ കുട്ടിയുടെ കുടുംബാംഗങ്ങളെ പൊതുവേദിയില്‍ വെളിപ്പെടുത്തുന്ന ചിത്രം പങ്കുവച്ചതിലൂടെ പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് രാഹുല്‍ ചെയ്തതെന്നും, അക്കാരണത്താല്‍ ഫോട്ടോ നീക്കം ചെയ്യണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ട്വിറ്ററോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമെ ഫോട്ടോ പങ്കുവച്ചതിന് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഡല്‍ഹിയിലെ പുരാനാ നങ്കല്‍ ഗ്രാമത്തില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തെ ശ്മശാനത്തോട് ചേര്‍ന്നുള്ള വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ദലിത് വിഭാഗക്കാരായ നിര്‍ധന കുടുംബത്തിലെ കുട്ടി കളിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാനായി പോയിട്ട് മടങ്ങിയെത്തിയില്ല. മകളെ കാണാതെ പരിഭ്രാന്തിയിലായ മാതാവ് പലയിടത്തും തിരക്കി. ഒടുവില്‍ ശ്മശാനത്തിലെ പുരോഹിതന്റെ കൂട്ടാളികള്‍ തന്നെ ചലനമറ്റ മകളുടെ ശരീരം ആ അമ്മയ്ക്ക് കാണിച്ചുകൊടുത്തു. കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കടിച്ച് മരിച്ചുവെന്നായിരുന്നു അവര്‍ പറഞ്ഞത്.

പോലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷണം പോകുമെന്നും വിശ്വസിപ്പിച്ച് കുടുംബത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി പുരോഹിതന്‍ മൃതദേഹം ഉടന്‍ ദഹിപ്പിക്കുകയും ചെയ്തു.

എന്നാല്‍, കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളും, ചുണ്ട് നീല നിറമായി മാറിയതും മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്‌കരിച്ച വിവരം അയല്‍ക്കാരോട് പറഞ്ഞതോടെയാണ് പുറംലോകം ഈ ക്രൂരകൃത്യം അറിയുന്നത്. ഇതോടെ ശ്മശാനത്തിന് സമീപം നാട്ടുകാര്‍ ഒത്തുകൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

കുട്ടിയെ ശ്മശാനത്തില്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രാധേശ്യാമിനെയും ശ്മശാനം ജീവനക്കാരായ സാലിം, ലക്ഷ്മിനാരായണ്‍, കുല്‍ദീപ് എന്നിവരെയും അറസ്റ്റ് ചെയ്തു. പോക്‌സോ, എസ്.സി/എസ്.ടി നിയമങ്ങള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.