രാജ്യം മുഴുവന്‍ വിജയത്തില്‍ ആനന്ദിക്കുകയാണ്, ഹോക്കിടീമിനെ ഫോണില്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി !

ടോക്കിയോ: നാലുപതിറ്റാണ്ടുകള്‍ക്ക് ശേഷം ഹോക്കി ടീം ഇന്ത്യയിലേക്ക് ഒളിംപിക്‌സ് മെഡല്‍ കൊണ്ടുവന്നിരിക്കുന്ന സന്തോഷത്തിലാണ് രാജ്യമിപ്പോള്‍. ഈ സന്തോഷം പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിനെയാണ് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ച് വിളിച്ചത്.

‘മന്‍പ്രീത്, നിങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനും ആശംസകള്‍. നിങ്ങള്‍ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ ഈ വിജയത്തിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുകയാണ്. എന്റെ ഹൃദയം നിറയുന്നു. എന്റെ ആശംസകള്‍ എല്ലാവരോടും പങ്കുവെയ്ക്കൂ. ഓഗസ്റ്റ് 15 ന് ഏവരെയും കാണാം’- എന്നായിരുന്നു മോദി പറഞ്ഞത്. ജര്‍മനിയെ 5-4 എന്ന സ്‌കോറിന് കീഴടക്കിയാണ് ഇന്ത്യ വിജയകിരീടം ചൂടിയത്.

സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയപ്പോഴും മോദി മന്‍പ്രീതിനെ വിളിച്ചിരുന്നു. മോദിയുടെ വാക്കുകള്‍ വിജയത്തിലേക്ക് നയിക്കാന്‍ ഊര്‍ജം പകര്‍ന്നുവെന്ന് മന്‍പ്രീത് ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും പ്രത്യേക അതിഥികളായി മോദി ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.