തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകളില്‍ പുതിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ സര്‍വത്ര ആശയക്കുഴപ്പം. കടകളില്‍ എത്തുന്നവര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ്, കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ്, രോഗംമാറിയ സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഒന്ന് നിര്‍ബന്ധമാക്കുമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഇത് ജനങ്ങളെ വെട്ടിലാക്കുന്ന നിബന്ധനയാണെന്ന് കാണിച്ച് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വ്യാപാരികള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എത്രപേര്‍ക്ക് ഇത്തരത്തില്‍ പുറത്തിറങ്ങാന്‍ ആവുമെന്നാണ് അവര്‍ ചോദിക്കുന്നത്.
ഇതുവരെ, വാക്സിന് ലഭിക്കാത്തവര്‍ നിരവധിയാണ്. മാത്രമല്ല, ആര്‍ടിപിസിആര്‍ പരിശോധന പണച്ചെലവുളള കാര്യവുമാണ്. മൂന്നുദിവസത്തിലൊരിക്കലാണ് ആര് ടി പി സി ആര് പരിശോധന നടത്തുവാന്‍ അറിയിച്ചിരിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. പ്രതിഷേധം ഉയരാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.
കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. പോലീസ് ശക്തമായ പരിശോധന കൂടി തുടങ്ങിയാല്‍ കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുമെന്നും ഇത് കടയുടെ നടത്തിപ്പിനെ തന്നെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍.
വാക്സിന് സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നത്.
രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിനോദ സഞ്ചാര മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.

