കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലായി പതിനായിരക്കണക്കിന് സ്ത്രീകൾ. 1990 കളുടെ രണ്ടാം പകുതിയിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ നടപ്പിലാക്കിയ ക്രൂര നിയമങ്ങൾ പതിന്മടങ്ങ് ശക്തിയോടെ വീണ്ടും അടിച്ചേൽപ്പിക്കപ്പെടുമോയെന്നാണ് ഇവരുടെ ആശങ്ക. ഓരോ പ്രദേശത്തെയും മതനേതാക്കളിൽനിന്ന്, ആ മേഖലയിലെ യുവതികളുടെ കണക്കെടുക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നതോടെ സ്ത്രീകൾക്കിടയിൽ ഭയം വർധിച്ചിരിക്കുകയാണ്.
15 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുന്നത് ഭീകരർക്കു വിവാഹം ചെയ്യാനാണെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടികളുണ്ടോ എന്നറിയാൻ താലിബാൻ ഭീകരർ വീടുകളിൽ അതിക്രമിച്ചു കയറി അലമാരകൾ അടക്കം പരിശോധിക്കുന്നെന്നും എതിർക്കുന്ന പുരുഷന്മാരെ അതിക്രൂരമായി മർദിക്കുന്നെന്നുവെന്നമുള്ള വാർത്തകളും പുറത്തു വന്നിരുന്നു. അഫ്ഗാൻ സൈന്യവുമായി ചേർന്ന് താലിബാനെതിരെ പോരാടി മരിച്ചവരുടെ വിധവകളുടെ പേരും താലിബാൻ ശേഖരിക്കുന്നുവെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.
പെൺകുട്ടികൾ വിദ്യാഭ്യാസം നേടാനോ ജോലിക്കു പോകാനോ പാടില്ലെന്ന് ഉൾപ്പെടെയുള്ള നിയമങ്ങൾ താലിബാൻ വീണ്ടും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുത്, ശിരസ്സടക്കം ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ, പുറത്തിറങ്ങുമ്പോൾ പിതാവോ ഭർത്താവോ അടക്കമുള്ള അടുത്ത ബന്ധുക്കളായ പുരുഷന്മാരാരെങ്കിലും ഒപ്പം വേണം തുടങ്ങിയ നിയന്ത്രണങ്ങൾ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ താലിബാൻ നടപ്പിലാക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമം ലംഘിച്ചാൽ പരസ്യമായ ചാട്ടവാറടി മുതൽ വധശിക്ഷ വരെ ലഭിക്കാം. ബന്ധുക്കളായ പുരുഷന്മാർക്കൊപ്പമല്ലാതെ എത്തുന്ന സ്ത്രീകൾക്ക് സാധനങ്ങൾ വിൽക്കരുതെന്ന് കടയുടമകൾക്കും താലിബാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അഫ്ഗാനിസ്താനിൽ വീണ്ടും താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് പലായനം ചെയ്യുകയാണ് സ്ത്രീകൾ. താലിബാൻ ഭീകരർ തങ്ങളെ ലൈംഗിക അടിമകളാക്കുമെന്നും ക്രൂരമായി പീഡിപ്പിക്കുമെന്നുമാണ് ഇവർ ഭയപ്പെടുന്നത്.

