കൊച്ചി: കോവാക്സിന് ഗൾഫ് രാജ്യങ്ങളിൽ അംഗീകാരം ലഭിക്കാത്തതിനാൽ മൂന്നാം ഡോസിനായി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സൗദി അറേബ്യയിൽ കഴിഞ്ഞ എട്ടുവർഷമായി വെൽഡറായി ജോലി ചെയ്തുവരികയായിരുന്നു ഗിരികുമാർ. കോവാക്സിന്റെ രണ്ടു ഡോസുകളുമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. എന്നാൽ സൗദി അറേബ്യയിൽ കൊവാക്സിൻ അംഗീകരിക്കാത്തതിനാൽ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട കോവിഷീൽഡ് വാക്സിനെടുക്കാൻ അനുമതി തേടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിസ നിബന്ധന പ്രകാരം ഓഗസ്റ്റ് 30 ന് മുമ്പ് അദ്ദേഹത്തിന് സൗദി അറേബ്യയിലേക്ക് മടങ്ങണം. ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും. ജോലി നഷ്ടപ്പെടാതിരിക്കാൻ മൂന്നാം ഡോസ് വാക്സിൻ എടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. തനിക്ക് രണ്ട് പെൺകുട്ടികളുണ്ടെന്നും ഒരാൾ ബിരുദത്തിനും മറ്റേയാൾ പത്താം ക്ലാസിലും പഠിക്കുകയാണെന്നും അവരുടെ വിദ്യാഭ്യാസ ചിലവുകൾ കണ്ടെത്താൻ തനിക്ക് മറ്റ് വരുമാന മാർഗമില്ലെന്നും അദ്ദേഹം പറയുന്നു. കോവിൻ വെബ്സൈറ്റിൽ മൂന്നാമത്തെ ഡോസ് എന്നൊരു ഓപ്ഷൻ ഇല്ലാത്തതിനാലാണ് ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് ഗിരികുമാർ നാട്ടിലെത്തിയത്. 45 വയസിന് മുകളിലുള്ളവർക്ക് കേന്ദ്രം വാക്സിൻ നൽകിയപ്പോൾ പാസ്പോർട്ട് വിശദാംശങ്ങൾ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഏപ്രിൽ 17 ന് ആദ്യത്തെ കൊവാക്സിൻ ഡോസും, ഒരു മാസത്തിനുശേഷം രണ്ടാമത്തേതും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൊവാക്സിൻ ലഭിച്ചതിന് ശേഷമാണ് സൗദി സർക്കാർ ഇത് അംഗീകരിച്ചിട്ടില്ലെന്ന് താൻ അറിഞ്ഞതെന്നും അദ്ദേഹം വിശദമാക്കി.

