ന്യൂഡൽഹി : കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എൻഐഎയുടെ നടപടി.
അറസ്റ്റിലായവരിൽ രണ്ട് പേരെ ജമ്മു കശ്മീരിലെ ബന്ദിപ്പോറ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നും മറ്റ് രണ്ട് പേരെ കർണാടകയിലെ മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. മലയാളികളായ മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്. കേരള, കർണാടക, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് അമീൻ ഐഎസ്ഐസിന്റെ ജിഹാദി ആശയങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു.

