ന്യൂഡല്‍ഹി: റോഡ് സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അപകടമരണങ്ങള്‍ കുറയ്ക്കുന്നതിനും മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഗുണകരമായെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് വിംഗ് നടത്തിയ പഠനത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.
2018 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2018ല്‍ രാജ്യത്ത് 4,67,044 റോഡപകടങ്ങളാണ് സംഭവിച്ചത്. 0.46 ശതമാനമായിരുന്നു ഇത്. എന്നാല്‍ 2019ല്‍ ഇത് 4,49,002 ആയി കുറഞ്ഞെന്ന് റോഡ് ഗതാഗത മന്ത്രാലയം പറയുന്നു. 3.86 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2020ല്‍ ആകട്ടെ 3,66,138 റോഡപകടങ്ങളാണ് രാജ്യത്ത് നടന്നത്. അതായത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 18.46 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ 2019ലാണ് പാര്‍ലമെന്റ് പാസാക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധനവിനൊപ്പം ഇലക്ട്രോണിക് നിരീക്ഷണം, വാഹന ഫിറ്റ്‌നസ്, കമ്പ്യൂട്ടര്‍വത്കരണം, ഓട്ടോമേഷന്‍ തുടങ്ങിയവയും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റുകള്‍, കേടായ വാഹനങ്ങള്‍ തിരിച്ചുവിളിക്കല്‍, മൂന്നാം കക്ഷി ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കുക, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയും ഈ നിയമത്തിലുള്‍പ്പെടുന്നു.
ഈ നിയമത്തില്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കുന്നതിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

