കാര്യമില്ലാത്ത വാദങ്ങൾ ഉയർത്തി കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയാണ്; വിമർശനവുമായി കെ ബി ഗണേശ് കുമാർ

തിരുവനന്തപുരം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി കെ ബി ഗണേശ് കുമാർ എം എൽ എ. കാര്യമില്ലാത്ത വാദങ്ങൾ ഉയർത്തി കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കിഫ്ബിയിൽ അതിവിദഗ്ദ്ധയുടെ ബാഹുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ആറ് റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചുവെന്നും എന്നാൽ ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരെ സ്വകാര്യ കോളേജിൽ നിന്ന് പണംകൊടുത്ത് ബി ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തിരുത്തുകയാണെന്നും ഇങ്ങനെ ജോലിയിലെത്തുന്ന ബിടെക്കുകാരുടെ ദിവസ ശമ്പളം പതിനായിരം രൂപയാണെന്നും കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഗണേഷ് കുമാറിന് പുറമെ ഐ.സി. ബാലകൃഷ്ണനും എംകെ. മുനീറും കിഫ്ബിക്കെതിരെ വിമർശനമുന്നയിച്ചു. കിഫ്ബി നിർമാണം ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ഐ സി ബാലകൃഷ്ണന്റെ വിമർശനം. റോഡു നിർമാണം ഉൾപ്പടെയുള്ളവർ പാതിവഴിയിൽ തടസപ്പെടാതിരിക്കാൻ പൊതുമരാമത്ത് വകുപ്പുമന്ത്രി കിഫ്ബിയിൽ നിന്ന് തന്റെ അധികാരം തിരിച്ചു പിടിക്കണമന്നായിരുന്നു എം കെ മുനീർ ആവശ്യപ്പെട്ടു.