പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ എന്‍ഡിഎയില്‍ ഭിന്നത; പ്രതിപക്ഷത്തെ അനുകൂലിച്ച് നിതീഷ് കുമാര്‍ !

പട്ന: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടി പെഗസസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും, പെഗാസസ് വഴി ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം, പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണം, ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണ വിധേയമാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. എന്നാല്‍ പ്രതിപക്ഷ നിരയിലെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനിടെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭയിലും ലോക്സഭയിലും ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍, അമിത് ഷാ മറുപടി പറയില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുമുണ്ട്.

ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.