തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
സി പി എമ്മുകാരെ പിന്‍വാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും, സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണില്‍പൊടിയിടല്‍ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മാത്രമല്ല, കാലാവധി നീട്ടാന്‍ സര്‍ക്കാരിനു മുന്നില്‍ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാര്‍ത്ഥികളെ ശിക്ഷിക്കുകയാണെന്നും, സര്‍ക്കാരിന്റെത് പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡി വൈ എഫ് ഐ ഇപ്പോള്‍ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സര്‍ക്കാരിനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡി വൈ എഫ് ഐ നേതാക്കളാണ് പി എസ് സി പരീക്ഷയുടെ വിശ്വാസത തകര്‍ത്തത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

