കോഴിക്കോട്: സംസ്ഥാനത്ത് കടകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് വ്യാപാരികൾ. ഈ മാസം ഒൻപത് മുതൽ കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി നസറുദ്ദീൻ അറിയിച്ചു. ആവശ്യത്തിന് സമയം ലഭിച്ചെങ്കിലും സർക്കാർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. വിഷയത്തിൽ സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശം നൽകി.

