ഓസിസ് നിരയെ നാമാവശേഷമാക്കി ഇന്ത്യ സെമിയില്‍; ഹോക്കിയില്‍ പെണ്‍പടയ്ക്ക് ഇത് ചരിത്ര നേട്ടം !

ടോക്കിയോ: ഒളിംപിക്‌സില്‍ കരുത്തരായ ഓസ്‌ട്രേലിയയെ കടത്തിവെട്ടി വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ സെമിയിലെത്തി. ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഓസ്‌ട്രേലിയയെ നാമാവശേഷമാക്കിയാണ് ഇന്ത്യ സെമിഫൈനല്‍ ടിക്കറ്റ് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സ് ഹോക്കിയുടെ സെമിഫൈനലിലെത്തുന്നത്.

ഗുര്‍ജിത്ത് കൗറിന്റെ ഷോട്ട് ഓസിസ് പ്രതിരോധത്തെ മറിച്ചിട്ട് ഗോളായി മാറിയപ്പോള്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ സമനില പിടിക്കാനായി ഓസ്‌ട്രേലിയ തുടരേ തുടരേ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ സവിതയും വന്‍മതില്‍ പോലെ വല കാത്തു.

എന്നാല്‍, കളിയുടെ അവസാന നിമിഷങ്ങളില്‍ നിരവധി പെനാല്‍ട്ടി കോര്‍ണറുകളാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചിരുന്നതെങ്കിലും ഇന്ത്യന്‍പടയെ വീഴ്ത്തി ലക്ഷ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഇതിന് മുന്‍പ് രണ്ട് തവണ (1980ലും, 2016ലും) മാത്രമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒളിംപിക്‌സ് യോഗ്യത ലഭിച്ചിട്ടുള്ളത്.