ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമിയില്‍; ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇത് അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ !

ടോക്കിയോ: ഒളിംപിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടനെ മലര്‍ത്തിയടിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം സെമി ഫൈനലില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടണെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യ അവസാന നാലില്‍ ഇടം നേടിയത്.

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 49 വര്‍ഷത്തിന് ശേഷമാണ് ഒളിംപിക്‌സിന്റെ സെമിഫൈനലിന് യോഗ്യത നേടുന്നത്. 1972ലാണ് ഇതിനു മുമ്പ് ഇന്ത്യ അവസാനമായി ഒളിംപിക്‌സില്‍ സെമി ഫൈനല്‍ കളിച്ചത്.

മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ദില്‍പ്രീത് സിങ്, ഗുര്‍ജീത് സിങ്, ഹാര്‍ദിക് സിങ് എന്നിവരാണു സ്‌കോര്‍ ചെയ്തത്. ഇയാന്‍ സാമുവല്‍ ബ്രിട്ടനു വേണ്ടി ഒരു ഗോള്‍ മടക്കി.

നിലവിലെ ലോകചാമ്പ്യന്‍മാരായ ബല്‍ജിയമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. നാളെയാണ് സെമി മത്സരം നടക്കുക.