മദ്യപന്മാരുടെ സൗകര്യം മെച്ചപ്പെടുത്തണമെന്ന് കോടതി; ബിവറേജുകളുടെ എണ്ണം ആറിരട്ടിയാക്കാന്‍ ശുപാര്‍ശ !

തിരവനന്തപുരം: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്. സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും, തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും, കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് മുന്നിലെ തിരക്കും, സൗകര്യമില്ലായ്മയും ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജി പരിഗണിച്ച ശേഷം, തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകളിലെ സൗകര്യമില്ലായ്മകളെക്കുറിച്ചും, മദ്യപന്മാരുടെ അന്തസ്സിന് വിലയില്ലേയെന്ന തരത്തിലും കോടതി പരാമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് എക്‌സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. അതേസമയം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ ചില്ലറവില്‍പ്പനശാലയെന്ന നിലയില്‍ തുറക്കുമ്പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാര്‍ശ.

വില്‍പ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അര്‍ഥമില്ലെന്നും, ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്‌കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം, കോടതി പരാമര്‍ശിക്കും പ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്റെ റിപ്പോര്‍ട്ട്.