കേരളത്തില്‍ സ്ഥിതി ഗുരുതരമാകും; നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, മാര്‍ഗരേഖള്‍ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ രാജ്യത്ത് കൊവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശനനിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖയും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.

  1. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കര്‍ശന കണ്ടെയ്ന്‍മെന്റ് നടപടികളും നിരീക്ഷണവും തുടരുക.
  2. കേസുകള്‍ കൃത്യമായി അടയാളപ്പെടുത്തി കോണ്ടാക്ട് ട്രെയ്‌സിംഗ് നടത്തുക, കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേസുകളുടെ അടിസ്ഥാനത്തില്‍ നടത്തുക.
  3. ഗ്രാമീണമേഖലകളില്‍ ആരോഗ്യസംവിധാനം മെച്ചപ്പെട്ടതാക്കുക. ഇത് കുട്ടികള്‍ക്ക് മികച്ച ചികിത്സ നല്‍കാനുള്ള തരത്തിലുള്ളതാകണം.
  4. ഐസിഎംആര്‍ മാര്‍ഗരേഖ അനുസരിച്ച് കൃത്യമായി മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുക

എന്നിങ്ങനെ നാലിനമാര്‍ഗരേഖയാണ് പത്ത് സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

മാത്രമല്ല, കേരളത്തിലെയും മഹാരാഷ്ട്രയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതി ഗുരുതരമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ആശങ്കാജനകമായ വര്‍ദ്ധനവില്ലെങ്കില്‍ പോലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.