ഉലകനായകനൊപ്പം പുതിയ ചിത്രത്തില്‍ കാളിദാസും, വിക്രത്തില്‍ എത്തുന്നത് മകനായി

ഉലകനായകനോടൊപ്പം അഭിനയിക്കാനൊരുങ്ങി കാളിദാസ് ജയറാം. ലോകോഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിലാണ് കമല്‍ ഹാസനൊപ്പം കാളിദാസ് ജയറാം അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ കമല്‍ഹാസനോടൊപ്പം നില്‍ക്കുന്ന ചിത്രം കാളിദാസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘വിക്രം’. കമലഹാസന്റെ മകനായാണ് കാളിദാസ് അഭിനയിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ നരേനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഗിരീഷ് ഗംഗാധരനാണ് വിക്രത്തിന്റെ ഛായഗ്രഹകന്‍. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

നേരത്തെ, ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ ആരംഭിച്ചിരുന്നു. 2022ല്‍ വിക്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.