ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങളില്‍ മുത്തമിടാന്‍ ഒരുങ്ങി പി.വി സിന്ധു. ജപ്പാനെ കീഴടക്കി വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി സിന്ധു സെമി ഫൈനലിലെത്തി.
റാങ്കിംഗില്‍ തന്നേക്കാള്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോര്‍ 21-13, 22-20.
ആദ്യ സെറ്റില്‍ല്‍ ആദ്യ പോയിന്റ് സ്വന്തമാക്കിയത് യമാഗുച്ചിയാണ്. എന്നാല്‍ പിന്നീട് സിന്ധു കളം നിറഞ്ഞ് ആടുകയായിരുന്നു. തുടര്‍ന്ന് 21-13ന് സിന്ധു ഗെയിം സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമില്‍ യമാഗുച്ചി കൂടുതല്‍ അപകടകാരിയായി. തുടക്കത്തില്‍ സിന്ധു തന്നെയായിരുന്നു മുന്നിലെങ്കിലും ഇടയ്ക്ക് യമാഗുച്ചി 15-15ന് ഒപ്പമെത്തി. പിന്നീട്, കളിയില്‍ അങ്ങോട്ട് ലീഡ് നേടി യമാഗുച്ചിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ വാശിയോടെ കളത്തില്‍ പോരടിച്ചു നിന്ന സിന്ധു 22-20ന് മാച്ച് പോയിന്റും ഗെയിം പോയിന്റും സ്വന്തമാക്കുകയായിരുന്നു.
സെമി ജയിച്ചാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായുള്ള മത്സരം കളിക്കണം.
ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയുടെ തായ് സൂ യിംഗാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തായ് സൂ യിംഗിനോട് സിന്ധു തോറ്റിരുന്നു.

