ഇന്ന് കാര്‍ഗില്‍ ദിനം

ഇന്ന് കാര്‍ഗില്‍ ദിനം. കാര്‍ഗില്‍ മലനിരകളില്‍ ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നുകയറിയ പാക് പട്ടാളക്കാരെ തുരത്തിക്കൊണ്ട് ത്രിവര്‍ണ്ണ പതാകയുയര്‍ത്തിയ, വിജയക്കൊടി നാട്ടിയ മുഹൂര്‍ത്തമാണിത്. രാജ്യം അഭിമാനത്തോടെ എഴുന്നേറ്റുനിന്ന മുഹൂര്‍ത്തം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കാര്‍ഗില്‍ യുദ്ധം നടന്നത്. അന്ന് രാജ്യത്തിന് വേണ്ടി ആയുധങ്ങള്‍ വേണ്ടത്ര ഉണ്ടാക്കാനും, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിങ്ങനെ ആവശ്യമുള്ളത്ര നിര്‍മിക്കാനുമൊക്കെയായി വലിയ മാറ്റമാണ് വേണ്ടതെന്ന് വിദഗ്ദ്ധസമിതി ശുപാര്‍ശ നല്‍കി.

വാജ്‌പേയി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ ചെയ്തുവെങ്കിലും പിന്നീട് വന്ന യുപിഎ സര്‍്ക്കാരുകള്‍ പ്രതിരോധ രംഗത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. ഏ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ മുംബൈ ഭീകരാക്രമണം, അതിര്‍ത്തിയില്‍ സൈനികന്റെ തലയറുത്ത ഭീകരമായ സംഭവം, കാശ്മീരില്‍ ഭീകരര്‍ പട്ടാളത്തെ ആക്രമിച്ചപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍-തിരിച്ചടിക്കരുത്’- എന്ന തീരുമാനം ഇതെല്ലാം സൈന്യത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ ആത്മവീര്യത്തെ കെടുത്തി.

എന്നാല്‍ അടിക്ക് തിരിച്ചടിയെന്ന നിലപാടുമായി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിലപാടിലുള്ള മാറ്റം സുപ്രധാനമായിരുന്നു. ദേശവിരുദ്ധ ശക്തികളുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭീകരാക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന നയപ്രഖ്യാപനമായിരുന്നു അത്.ഇങ്ങോട്ട് ഒരു കല്ലെറിഞ്ഞാല്‍ പോലും തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്കി. മാത്രമല്ല, ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിരുന്ന കശ്മീരിലടക്കം സാഹചര്യം മാറി. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങി. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്കി.

അതിലെല്ലാം ഉപരിയായി മൂന്ന് സൈനിക മേധാവികള്‍ക്കും മുകളിലായി ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) നിയമിച്ച സുപ്രധാന തീരുമാനമുണ്ടായി.ഒരു റാങ്ക് ഒരു പെന്‍ഷന്‍- നടപ്പിലാക്കി. പ്രതിരോധരംഗത്ത് വിപ്ലവകരമായ മാറ്റമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത്.101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തോടെ അടുത്ത ഏതാനും വര്‍്ഷങ്ങള്‍ക്കിടയില്‍ ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളാണ് ഉണ്ടാകുന്നത്.