ആകെ വാക്‌സിൻ വിതരണം ചെയ്ത കണക്കിൽ കേരളം പതിനൊന്നാം സ്ഥാനത്ത്

covid

തിരുവനന്തപുരം: രാജ്യത്ത് ആകെ വാക്‌സിൻ വിതരണം ചെയ്ത കണക്കിൽ കേരളം പതിനൊന്നാം സ്ഥാനത്ത്. ഉത്തർപ്രദേശാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നത്. 36,920,479 ആളുകൾക്ക് ആദ്യ ഡോസും 70 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രണ്ട് ഡോസും ഉത്തർപ്രദേശിൽ വിതരണം ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ കേരളത്തിൽ ആകെ കണക്ക് നോക്കിയാൽ ഒന്നാം ഡോസ് 48 ശതമാനത്തിനും രണ്ട് ഡോസും കിട്ടിയത് 20 ശതമാനത്തിനും മാത്രമാണ്. കേരളത്തിൽ 45 വയസിന് മുകളിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. എന്നാൽ ഉത്തർപ്രദേശിൽ ഇത് 1.13 കോടിയാണ്.

18 മുതൽ 44 വരെ 1.50 കോടി ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചില്ല. 45 ന് താഴെയുളളവരിൽ 19 ശതമാനം പേർക്ക് മാത്രമാണ് കേരളത്തിൽ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചത്. രണ്ടാം ഡോസ് ലഭിച്ചത് 2 ശതമാനത്തിന് താഴെയും. സംസ്ഥാനത്ത് വാക്സിൻ വിതരണം കാര്യക്ഷമമാണെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ വഴിയുള്ള വാക്‌സിൻ വിതരണം പലയിടത്തും ഭാഗികമാണ്. രണ്ടാം ഡോസ് വാക്സിനെടുക്കാൻ കൊവിൻ പോർട്ടലിലെ മെസേജ് ലഭിച്ചവർക്ക് വിതരണ കേന്ദ്രത്തിലെത്തുമ്പോൾ വാക്സിൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കേന്ദ്രത്തിൽ നിന്നും വിതരണം ചെയ്ത വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ വഴിയാണ് നൽകുന്നത്. ഇതും മിക്കയിടത്തും താറുമാറാണെന്നാണ് വിവരം.

കോവിൻ പോർട്ടലിൽ കയറുമ്പോൾ പ്രായഭേദമന്യേ എല്ലാ സ്ലോട്ടും ബുക്കായതായാണ് കാണിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉടൻ വാക്സിൻ നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ വാക്‌സിൻ വിതരണം ഇതുവരെ കാര്യക്ഷമമായി തുടങ്ങിയിട്ടില്ല. മുൻഗണനാ ക്രമമനുസരിച്ച് അറുപതിലധികം വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകി സർക്കാർ ഉത്തരവുണ്ടെങ്കിലും പോർട്ടലിൽ ഇതൊന്നും കാണാൻ കഴിയാത്ത സ്ഥിതിയാണ്. അതേസമയം സംസ്ഥാനത്ത് 100 ശതമാനം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും ഒന്നാം ഡോസ് വാക്സിൻ ലഭിച്ചു. 82 ശതമാനം പേർക്കാണ് രണ്ടാം ഡോസ് ലഭിച്ചതെന്നും കണക്കുകൾ വിശദമാക്കുന്നു.