സി.പി.എമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്.എഫ്.ഐ മാറി; കെ സുധാകരൻ

തിരുവനന്തപുരം: എസ് എഫ് ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ എസ്.എഫ്.ഐ അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു നേതാക്കൾക്കെതിരെ എസ്.എഫ്.ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്.എഫ്.ഐ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അതു വിലപ്പോകില്ലെന്നും അക്രമം അഴിച്ചുവിട്ട് കെ.എസ്.യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി ചെറുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആശയങ്ങൾക്കു പകരം കൊടുവാളുമായിട്ടാണ് എസ്എഫ്‌ഐ ക്യാസിൽ പ്രവർത്തിക്കുന്നത്. സി.പി.എമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്.എഫ്.ഐ മാറി. സി.പി.എം കണ്ണൂരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോൾ എസ്.എഫ്.ഐ കാമ്പസുകളിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൈയൂക്കുകൊണ്ടു കലാലയങ്ങൾ ഭരിക്കാം എന്ന അജണ്ടയ്ക്ക് താങ്ങും തണലുമാകുന്നത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്. കലാലയങ്ങളിൽ എസ്എഫ്‌ഐ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും എസ്.എഫ്.ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള മിക്ക കോളേജുകളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമായ ഇടിമുറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യാപകമായ പരാതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറാകില്ലെന്നും ഇടത് അദ്ധ്യാപക സംഘടനയിലെ ചിലർ അന്വേഷണത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ കൊല്ലം ടി.കെ.എം കോളേജിലെ വിദ്യാർത്ഥികളെ മൃഗീയമായാണ് പൊലീസ് മർദ്ദിച്ചത്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം എന്നും ക്യാമ്പസുകളിൽ നിന്നാണ് ആദ്യം ഉണ്ടാകുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ ചെറിയ പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും നരേന്ദ്ര മോദിയും ബി.ജെ.പിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും വിദ്യാർത്ഥി സമരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇതു കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.