ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രഖ്യാപിച്ചു, പത്താം ക്ലാസിന് 100 ശതമാനം വിജയം

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്ഇ( പത്താം ക്ലാസ്) 99.98 ശതമാനവും, ഐഎസ്സി(പ്ലസ് ടു) 99.76 ശതമാനവുമാണ് വിജയം.

കേരളത്തില്‍ പത്താംക്ലാസ് വിജയം 100 ശതമാനമാണ്. പന്ത്രണ്ടാം ക്‌ളാസിന് 99.96 ശതമാനവും. അതേസമയം, പന്ത്രണ്ടാം ക്‌ളാസില്‍ സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.

കൊവിഡ് തരംഗം നേരിടുന്ന അവസ്ഥയായതിനാല്‍ ഇത്തവണ റാങ്ക് പട്ടികയില്ലെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ, ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിര്‍ണയ രീതിയനുസരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍, പുനര്‍മൂല്യനിര്‍ണയം സാധ്യമല്ലെന്നും, കണക്കുകൂട്ടലില്‍ പിശകുണ്ടായാല്‍ അത് അറിയിക്കാന്‍ സംവിധാനമുണ്ടെന്നും ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്സിഇ) വെബ്‌സൈറ്റായ cisce.orgയിലോ results.cisce.orgയിലോ ഫലം ലഭ്യമാണ്. വെബ്‌സൈറ്റ് വഴിയല്ലാതെ എസ്എംഎസ് സംവിധാനം വഴിയും ഫലമറിയാം. ഐസിഎസ്ഇ, ഐഎസ്സി എന്നെഴുതി സ്‌പേസ് ഇട്ട് യുണീക്ക് ഐഡി 0924882883 എന്ന നമ്പരിലേക്ക് സന്ദേശമയച്ചാല്‍ മാര്‍ക്കുകള്‍ സന്ദേശമായി ലഭിക്കും.