തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഇടപെടല്‍. സിപിഎമ്മിന്റെ ഭരണത്തിന് കീഴിലുള്ള ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തും.
ഇതിനെ തുടര്‍ന്ന്, ബാങ്ക് തിരിമറി അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇഡി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 300 കോടിയിലേറെ രൂപയുടെ തിരിമറികള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കുമെന്നതില്‍ സംശയമില്ല. മുഖ്യപ്രതികളായ ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാറും മുന്‍ മാനേജര്‍ എം.കെ. ബിജുവും സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ ഭാരവാഹികളും നിലവിലെ അംഗങ്ങളുമാണ്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടില്ല. മാത്രമല്ല, പ്രതികള്‍ പല നേതാക്കളുടേയും ശിങ്കിടികള്‍ ആണെന്ന ആക്ഷേപവും ശക്തമാണ്.
ക്രൈം ബ്രാഞ്ച് കേസെടുത്തിട്ട് പോലും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍. ബാങ്കിനു മുന്നില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അണിനിരന്നിരിക്കുന്നത്. കസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി കോടതിയെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കും. ഇതിനായി കരുവറന്നൂര്‍ ബാങ്കിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് പാക്കേജ് തയ്യാറാക്കുകയും, ഇതനുസരിച്ചുള്ള ഫണ്ട് കേരള ബാങ്ക് നല്‍കുമെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
150 കോടിരൂപയെങ്കിലും അടിയന്തരമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പഠനത്തിന്റെയും തയ്യാറാക്കുന്ന പാക്കേജിന്റെയും അടിസ്ഥാനത്തിലാകും എത്ര തുക വേണ്ടിവരുമെന്നു നിശ്ചയിക്കുക. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടത്തിനു നിയോഗിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്ന ഭയത്തില്‍ ഇടപാടുകാരില്‍ പലരും ആത്മഹത്യയ്ക്ക് തുനിഞ്ഞേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമായാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്നതും കേസില്‍ ശ്രദ്ധേയമാണ്.

