ഇടുക്കി: ഇടുക്കിയില്‍ ജലനിരപ്പ് അതിവേഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അടിയന്തര യോഗം ചേര്‍ന്നു. പീരുമേട് മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് അനിയന്ത്രിതമാകും വിധത്തില്‍ ജലനിരപ്പ് ഉയരുന്നത്.
നിലവിലെ സാഹചര്യം അതീവ ശ്രദ്ധയോടെയാണ് കെഎസ്ഇബി വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ റൂള്‍ ലെവലില്‍ നിന്ന് 14 അടി കുറവായതിനാല്‍ ആശങ്ക വേണ്ടെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം (2365.2 അടി) കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 33 അടി കൂടുതലാണ് സംഭരണയിലെ ജലനിരപ്പ്. ഈ മാസം മാത്രം കൂടിയത് 9 ശതമാനത്തോളം വെള്ളമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെയാകട്ടെ 6.5 അടിയോളം വെള്ളമാണ് കൂടിയിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന്, കോവിഡ് പശ്ചാത്തലത്തില്‍ കുറച്ചിരുന്ന ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ആറ് ജനറേറ്ററുകളും പരമാവധി സമയം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം പരമാവധി കൂട്ടി ജലനിരപ്പ് കുറയ്ക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം മഴ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് തുടര്‍ന്നാല്‍ മൂവാറ്റുപുഴ ടൗണ്‍ വെള്ളത്തിലായേക്കാമെന്നതിനാല്‍ ഇതിനും പരിമിതികളുണ്ട്.
കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം ഈ മാസം 31 വരെ പരാമവധി അനുവദനീയമായ സംഭരണ ശേഷി 2378.44 അടിയാണ്. റൂള്‍ കര്‍വിന് മുകളിലെത്തുകയും മഴ തുടരുകയും ചെയ്താല്‍ അധിക ജലം ഒഴുക്കിവിടേണ്ടി വരും. മഴക്കാലത്തില്‍ രണ്ടാം ഘട്ടമായ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് സാധാരണ ഇടുക്കി ജില്ലയില്‍ കൂടുതല്‍ മഴ കിട്ടുക. ഇതുകൂടി മുന്നില്‍ കണ്ടാണ് ജലനിരപ്പ് കുറക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

