തൃശ്ശൂർ: കൊടകര കവർച്ചാ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി സംസ്ഥാനത്ത് കോടികൾ എത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത് 12 കോടി രൂപയാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.
കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ഉടൻ തന്നെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ടു. സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കാണ് ധർമ്മരാജൻ വിളിച്ചത്. വിവിധ ബി.ജെ.പി. നേതാക്കളെയും ധർമ്മരാജൻ വിളിച്ചുവെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
6.3 കോടി രൂപ കൊടകര കവർച്ച നടന്ന ദിവസം തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയിൽ 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചതെന്നും ഇതിൽ 6.3 കോടി രൂപ തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതമാണ് എത്തിച്ചത്. പണം സംസ്ഥാനത്തെത്തിയത് മൂന്ന് തവണയായിട്ടാണ്. ധർമ്മരാജൻ നേരിട്ടാണ് പണം എത്തിച്ചത്. കർണാടകയിൽ നിന്നാണ് പണം കൊണ്ടുവന്നതെന്നും ടോക്കൺ ഉപയോഗിച്ചായിരുന്നു പണക്കൈമാറ്റമെന്നും അന്വേഷണ സംഘവം വ്യക്തമാക്കി. കർണാടകയിലെത്തി ടോക്കൺ കാണിച്ചാൽ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി കാണിക്കാൻ ബി.ജെ.പി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങൾ ധർമ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

