എ.കെ. ശശീന്ദ്രൻ തെറ്റു ചെയ്തെന്ന് കണ്ടെത്തിയാൽ മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യും; പി സി ചാക്കോ

കോട്ടയം: മന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ. പീഡന പരാതി ഒതുക്കിതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എ.കെ. ശശീന്ദ്രൻ തെറ്റു ചെയ്തെന്ന് കണ്ടെത്തിയാൽ മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുമെന്ന് പി സി ചാക്കോ പറഞ്ഞു. കോട്ടയത്ത് പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്ത്രീ പീഡന വിഷയത്തിൽ എൻ.സി.പിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായി ഉണ്ടായ തർക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായത്. പോലീസ് അന്വേഷണം കൃത്യമായി നടക്കണമെന്ന് അഭിപ്രായമാണുള്ളത്. നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നു. അന്വേഷണത്തിന് ശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം വിശദമാക്കി.

എന്നാൽ പെൺകുട്ടിയുടെ പിതാവ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞിട്ടും ശശീന്ദ്രൻ എന്തുകൊണ്ടാണ് ഈ കാര്യം പൊലീസിനെ അറിയിക്കാതിരുന്നത് എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പി സി ചാക്കോ വ്യക്തമായ ഉത്തരം നൽകിയില്ല. എൻ.സി.പി സംസ്ഥാന നേതൃത്വത്തിനും ശശീന്ദ്രനും ഈ വിവാദത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പി സി ചാക്കോ വിശദീകരിക്കുന്നത്. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ വിളിച്ചതെന്നും കേസ് ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ ദിവസം പി സി ചാക്കോ വെളിപ്പെടുത്തിയിരുന്നു. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.