മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. സ്‌കോർളഷിപ്പ് വിഷയത്തിൽ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുമായുള്ള യോഗം ചേർന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
ക്രിസ്ത്യൻ സമുദായത്തിന് അർഹതപ്പെട്ടത് നൽകണം. എന്നാൽ അത് സച്ചാർ കമ്മീഷന്റെ പേരിൽ വേണ്ടെന്നും കോടതിവിധി എതിരെങ്കിൽ സർക്കാർ നിയമനിർമ്മാണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ് ശതമാനവും മുസ്ലിം വിഭാഗത്തിന് അർഹതപ്പെട്ട സ്‌കോളർഷിപ്പായിരുന്നു. എന്നാൽ സച്ചാർ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സംവരണത്തിന്റെയും സ്‌കോളർഷിപ്പിന്റെയും വിഷയത്തിൽ മാത്രമല്ല അന്വേഷണം നടന്നത്. മുസ്ലിം സമുദായം നേരിടുന്ന എല്ലാ പിന്നോക്കാവസ്ഥകളെക്കുറിച്ചും അന്വേഷണം നടത്തി. സംവരണത്തിൽ അത് പരിഗണിക്കണമെന്നും മുസ്ലിം സമുദായത്തിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന്റെ നിർദ്ദേശങ്ങളായിരുന്നു കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സച്ചാർ കമ്മിറ്റി മുഴുവൻ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന അനുപാതത്തിലാക്കി. അതിൽ ആരും പ്രതിഷേധിച്ചില്ല. എന്നാൽ അതിൽ ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയിരിക്കുകയാണ്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായം ജനാധിപത്യ രീതിയിൽ ശബ്ദിച്ചു കൊണ്ടാണ് ഇതുവരെ ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളത്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്ത് കൊണ്ടല്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ വിശദമാക്കി.

