ന്യൂഡൽഹി: എഐസിസി താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന സോണിയാ ഗാന്ധിയെ സഹായിക്കാൻ വർക്കിംഗ് പ്രസഡന്റുമാരെ നിയോഗിക്കാനൊരുങ്ങി കോൺഗ്രസ്. നാല് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. പുതുതായി നിയമിക്കുന്ന നാല് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാൾ രമേശ് ചെന്നിത്തലയായിരിക്കുമെന്നാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ദളിത് പ്രാതിനിധ്യമായി മുകുൾ വാസ്നിക്, കുമാരി ഷെൽജ എന്നിവരിൽ ഒരാൾ വന്നേക്കുമെന്നാണ് വിവരം. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുൾ വാസ്നിക്. ഹരിയാന പിസിസി പ്രസിഡന്റ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഷെൽജയെ മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഭൂപീന്ദർ സിങ് ഹുഡ അനുകൂലികൾ ഹൈക്കമാൻഡിനെ കാണുകയും ചെയ്തിരുന്നു.
എഐസിസി നേതൃതലത്തിൽ വൻ അഴിച്ചുപണി നടത്താനാണ് ഹൈക്കമാന്റ് പദ്ധതിയിടുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റെടുക്കാനില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. അതിനാൽ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തന്നെ തുടർന്നേക്കാനാണ് സാധ്യത. അനാരോഗ്യം കാരണം പാർട്ടിയുടെ ദൈന്യം ദിനകാര്യങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ഇടപെടലുകൾ നടത്തുന്നില്ല. അടിയന്തര യോഗങ്ങളിൽ മാത്രമാണ് നിലവിൽ സോണിയാ ഗാന്ധി പങ്കെടുക്കാറുള്ളത്. ഇതെല്ലാം കണക്കിലെടുത്താണ് നാലു വർക്കിംഗ് പ്രസിഡന്റുമാരെ നിയോഗിക്കാനായി കോൺഗ്രസ് പദ്ധതിയിടുന്നത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന് അഹമ്മദ് പട്ടേൽ മുൻപ് വഹിച്ച സ്ഥാനം നൽകുമെന്നാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശിൽ അധികാരം നഷ്ടപ്പെട്ടതോടെ കമൽനാഥിന് പ്രത്യേക ചുമതലകളൊന്നുമില്ല.
ദേശീയതലത്തിലെ നീണ്ടകാലത്തെ പ്രവൃത്തിപരിചയവും മികച്ച ഭാഷാ നൈപുണ്യവും ദേശീയനേതാക്കളുമായും മറ്റ് സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായുമുള്ള ബന്ധങ്ങളും കണക്കിലെടുത്താണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്.

