തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ വിശദീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൃപ്തനാണെന്ന് റിപ്പോർട്ട്. അതിനാൽ തന്നെ എ കെ ശശീന്ദ്രന്റെ രാജി ഉടൻ ഉണ്ടായേക്കില്ലെന്നാണ് വിവരം. കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടെയും വിലയിരുത്തൽ. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നാണ് പാർട്ടി പറയുന്നത്.
ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമുള്ള അനുമാനത്തിലാണ് സിപിഎം. മന്ത്രി എന്ന തരത്തിൽ ഇടപെടൽ നടത്തുമ്പോൾ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്നവും ഇക്കാര്യത്തിലില്ലെന്നും സിപിഎം വിലയിരുത്തുന്നു.
വിഷയവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി ശ്രദ്ധാപൂർവം കേട്ടുവെന്നാണ് ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

