ടെക്സസ്: റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെ ഏറെ നാളെത്തെ സ്വപ്‌നം സഫലമാക്കി ജെഫ് ബസോസും. ബഹിരാകാശത്തേക്ക് യാത്ര നടത്തിയ ശേഷം ജെഫ് ബെസോസും സംഘവും തിരിച്ചെത്തി. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു ജെഫ് ബെസോസിന്റെ യാത്ര. സഹോദരരനായ മാർക് ബെസോസ്(53), ഒലിവർ ഡീമൻ(18), വാലി ഫങ്ക്(83) എന്നിവരും ജെഫ് ബെസോസിനൊപ്പം ഉണ്ടായിരുന്നു. ടെക്സസിലെ ബാൻ ഹോൺ വിക്ഷേപണത്തറയിൽ നിന്നാണ് ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്സ്യൂളുമായി ബൂസ്റ്റർ റോക്കറ്റ് വിക്ഷേപിച്ചത്.
ഇന്ത്യൻ സമയം വൈകുന്നേരം 6.43 ഓടെ പറന്നുയർന്ന റോക്കറ്റ് ഏഴ് മിനിറ്റും 32 സെക്കന്റും പിന്നിട്ട ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി. യാത്ര വിജയകരമായി പൂർത്തീകരിച്ചതോടെ ആദ്യമായി പൈലറ്റില്ലാതെ യാത്രക്കാരുമായി ബഹിരാകാശം തൊടുന്ന ദൗത്യം എന്ന നേട്ടം കരസ്ഥമാക്കി. ഏറ്റവും കൂടുതലും, കുറവും പ്രായമുള്ള യാത്രക്കാർ ഉണ്ടായി എന്നതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.
ബഹിരാകാശം എന്ന് അവകാശപ്പെടുന്ന കാർമൻ ലൈൻ(100 കിലോമീറ്റർ) പിന്നിട്ടാണ് ജെഫ് ബെസോസും സംഘവും തിരിച്ചെത്തിയത്. 104 കിലോമീറ്റർ ഇവർ യാത്ര ചെയ്തു.

