എന്‍സിപി നേതാവിനെതിരായ പീഡനപരാതി : വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന് ആരോപണം

കോഴിക്കോട്: എന്‍സിപി നേതാവിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി. അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയിലാണ് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പറഞ്ഞതെന്നും പരാതി ഒത്തുതീര്‍പ്പാക്കണമെന്നല്ല പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

എന്‍സിപി നേതാവാണ് പരാതിക്കാരിയുടേയും പിതാവ്. എന്നാല്‍ പരാതിക്കാരി യുവമോര്‍ച്ചാ പ്രവര്‍ത്തകയും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അന്ന് മുതലേ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി. പരാതിയില്‍ പറയുന്ന എന്‍സിപി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് കൈയില്‍ പിടിച്ചു വലിച്ചുകയറ്റി എന്നാണ് പരാതി.

കഴിഞ്ഞ 28ാം തീയതി ഈ പരാതി കുണ്ടറ പൊലീസില്‍ നല്കിയിട്ടും വിഷയം പഠിക്കട്ടെയെന്നായിരുന്നു കുണ്ടറ പൊലീസിന്റെ നിലപാട്. ഇതോടൊണ് സിറ്റി പൊലീസിലടക്കം പരാതിയുമായി പെണ്‍കുട്ടി മുന്നിട്ടിറങ്ങിയത്. എന്നിട്ടും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

അതേസമയം, എന്‍സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണത്തോട് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും എകെ ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.