വാഷിംഗ്ടൺ: വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാനൊരുങ്ങി നാസ. ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാൻ ആർട്ടിമിസ് എന്ന പദ്ധതിയാണ് നാസ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം പ്രതിസന്ധികൾ സൃഷ്ടിച്ചില്ലെങ്കിൽ 2024 സെപ്റ്റംബർ 24 ന് വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാൻ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. നാസ ഈ നേട്ടം സ്വന്തമാക്കാനുള്ള പ്രയത്‌നം നടത്തുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാനുള്ള ഒരു കാരണമുണ്ട്. ചന്ദ്രനിലേക്ക് പോകുന്നവരിൽ ഒരാൾ ഇന്ത്യൻ വംശജനാകാനാണ് സാധ്യത. യുഎസ് വ്യോമസേനാ കേണൽ രാജാചാരിയ്ക്കാണ് ഈ അവസരം ലഭിക്കാൻ സാധ്യതയുള്ളത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തെരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാചാരിയും ഉൾപ്പെട്ടിട്ടുണ്ട്. രാജാചാരിയുടെ പിതാവ് ഇന്ത്യക്കാരനാണ്.
മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് രാജ. യുഎസ് വ്യോമസേനയുടെ 461-ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു അദ്ദേഹം. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് അമേരിക്കക്കാരിയാണ്.
ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് യാത്രികർ. പദ്ധതിയുടെ ആദ്യ ഘട്ടം നവംബറിലായിരിക്കും നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ- 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണു യാത്രികർ എത്തുന്നത്. ഓറിയോൺ എന്ന പേടകത്തിലായിരിക്കും യാത്രികർ ഗേറ്റ് വേയിൽ എത്തുക. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഗേറ്റ് വേയ്ക്ക് കഴിയും. കൂടുതൽ സുരക്ഷിതമായ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ‘വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്’ എന്നതാണ് ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം.
അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ച സാറ്റേൺ ഫൈവ് റോക്കറ്റിന്റെ പിൻഗാമിയായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റാണ് ആർട്ടിമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ഏകദേശം 50000 കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയാണ്. ഒരു ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ ഈ റോക്കറ്റിന് ശേഷിയുണ്ട്.

