മനുഷ്യരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ്; കേരളത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചതിനെതിരെ ഹർജി. വ്യവസായി പി കെ ഡി നമ്പ്യാരാണ് കേരളത്തിനെതിരെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഹർജി ഇന്ന് പരിഗണിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ മനുഷ്യരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണെന്നും ഹർജിയിൽ പറയുന്നു. ബക്രീദിനോട് അനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. ഈ ദിവസങ്ങളിൽ കടകളെല്ലാം തുറക്കാനായിരുന്നു സർക്കാർ അനുമതി നൽകിയത്.

സർക്കാരിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഐഎംഎ രംഗത്തെത്തിയിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.