നവ്‌ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അദ്ദേഹത്തിനൊപ്പമുള്ളവരും നിലപാട് കടുപ്പിക്കുന്നതിനിടെ നവ്‌ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. സിദ്ദുവിനൊപ്പം നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്റ് നിയമിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാക്കളാണ് ഇവര്‍. പിസിസി അധ്യക്ഷ നിയമത്തില്‍ തുടക്കം മുതല്‍ ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാട് അമരീന്ദര്‍ സിങ് സ്വീകരിച്ചിരുന്നു.

അതുകൊണ്ട് തന്നെ ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അമരീന്ദര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും എംഎല്‍എമാരുടെ പിന്തുണ അടക്കമുള്ള ഘടകങ്ങള്‍ സിദ്ദുവിന്റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് സൂചന.