ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാര്‍, ആര് എസ് എസ് നേതാക്കള്‍, ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി രാജ്യസഭാ എം പി സുബ്രഹ്മണ്യന് സ്വാമി.ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്ഡിയന് എന്നീ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടേക്കുമെന്നും അതിനു ശേഷം ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്നും വ്യക്തമാക്കി.
സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റിന് തൃണമൂല്‍ നേതാവും രാജ്യസഭ എം.പിയുമായ ഡെറിക് ഒബ്രിയാന് മറുപടിയുമായെത്തി. ഈ ഫോണ്‍ ചോര്‍ത്തല്‍ പ്രതിപക്ഷത്തെ പല അംഗങ്ങളെയും ലക്ഷ്യമാക്കിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇന്ത്യക്കാരായ വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു

