കുടിശ്ശിക മുടങ്ങി കട പൂട്ടിയ വീട്ടമ്മയ്ക്ക് സഹായവുമായി എം.എ. യൂസഫലി

കൊച്ചി: വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കുടിശ്ശിക നല്‍കാത്തതില്‍ ജിസിഡിഎ അധികൃതര്‍ വീട്ടമ്മ പ്രസന്ന മറൈന്‍ ഡ്രൈവില്‍ നടത്തിയിരുന്ന കട അടപ്പിച്ച സംഭവത്തിലാണ് യൂസഫലിയുടെ സഹായഹസ്തം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസിഡിഎ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധനങ്ങള്‍ പുറത്തിട്ടത്. അന്നു മുതല്‍ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയത്. ഇന്ന് രാവിലെ ഇവരുടെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.ഇതോടൊപ്പം കടയിലേക്ക് വില്‍പ്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപയും നല്‍കുമെന്നും എം.എ.യൂസഫലി അറിയിച്ചു. നാളെത്തന്നെ(തിങ്കള്‍) ലുലു ഗ്രൂപ്പ് തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. മാനസികവെല്ലുവിളി നേരിടുന്ന മകളെ പോറ്റാനായി മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ 5 വര്‍ഷം മുന്‍പ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കട നിര്‍മിക്കാനുള്ള അനുമതി ജിസിഡിഎ നല്‍കിയത്. 3.25 ലക്ഷം രൂപ വായ്പയെടുത്ത് പ്രസന്ന തന്നെയാണ് ചെറിയ കട നിര്‍മിച്ചത്.