ആംസ്റ്റർഡാം: 3 ഡി പ്രിന്റിൽ തയ്യാറാക്കിയ ലോകത്തെ ആദ്യ ഉരുക്ക് പാലം തുറന്നു നൽകി. നെതർലാൻഡിലെ ആംസ്റ്റർഡാമിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. വെൽഡിംഗ് ടോർച്ചുകൾ ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങൾ കൊണ്ടാണ് പാലം സൃഷ്ടിച്ചരിക്കുന്നത്. ആറു മാസം സമയമെടുത്താണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 12 മീറ്റർ നീളമുള്ള പാലം 4500 കിലോഗ്രാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയാണ് പാലം തുറന്ന് നൽകിയത്.
ഒരു ഡസനിലധികം സെൻസറുകൾ പാലത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. പാലത്തിലൂടെ ആളുകൾ കടന്നുപോകുമ്പോൾ ഈ സെൻസറുകൾ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷൻ, താപനില എന്നിവ നിരീക്ഷിക്കുകയും പിന്നീട് ഈ ഡാറ്റ ബ്രിഡ്ജിന്റെ ഡിജിറ്റൽ മോഡലിലേക്ക് നൽകുകയും ചെയ്യും. മെറ്റീരിയലിന്റെ സവിശേഷതകൾ പഠിക്കാൻ എഞ്ചിനീയർമാർ ഈ മോഡൽ ഉപയോഗിക്കുകയും അറ്റകുറ്റപ്പണി അല്ലെങ്കിൽ പരിഷ്‌ക്കരണം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിലെ ഏതെങ്കിലും ട്രെൻഡുകൾ കണ്ടെത്തുന്നതിന് മെഷീൻ ലേണിംഗ് ഉപയോഗിക്കുകയും ചെയ്യും. വലുതും സങ്കീർണ്ണവുമായ കെട്ടിട നിർമ്മാണ പ്രോജക്റ്റുകൾക്കായി 3 ഡി പ്രിന്റഡ് സ്റ്റീൽ എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ ഡിസൈനർമാരെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.

