ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.
‘ഭയമില്ലാത്ത ഒട്ടേറെയാളുകൾ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവർ നമ്മുടെ പാർട്ടിയിലുണ്ട്. അത്തരക്കാർക്ക് ആർ.എസ്.എസ്സിലേക്ക് പോകാമെന്നും പാർട്ടിയ്ക്ക് നിങ്ങളെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയമില്ലാത്ത ആളുകളെയാണ് വേണ്ടത്. അതാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമെന്നും അടിസ്ഥാനപരമായി അതാണ് പറയാനുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയ നേതാക്കൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനു കോൺഗ്രസിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമർശമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രസാന്ത് കിഷോറും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

