ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ എൻഫോഴ്സ്‌മെന്റിന്റെ മറുപടി വാദം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന് കേസിനെ മാത്രം ആസ്പദമാക്കിയല്ല കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും ആസ്പദമാക്കിയാണ് കേസെടുത്തിരിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.
ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞെന്ന വാദം തെറ്റാണ്. ഈ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് ഇഡി വിശദമാക്കി. മയക്കുമരുന്ന് കേസിൽ പ്രതിചേർക്കാത്തതിനാൽ തനിക്കെതിരെയുളള കേസ് നിലനിൽക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേരളത്തിലും ദുബായിലും ബിനീഷിനെതിരെ കേസുണ്ടെന്ന് ആദ്യം കോടതിയിൽ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒൻപത് മാസത്തോളമായി കർണാടകയിൽ തടവിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. പതിനഞ്ചാം തവണയാണ് ബിനീഷിന്റെ ജാമ്യഹർജി കോടതി പരിഗണിക്കുന്നത്.

