ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ ഉണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. അവയെ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഡബ്ലു.എച്ച്.ഒ എമർജൻസി കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും പുതിയതും നിലവിലുള്ളതിനേക്കാൾ അപകടകാരിയുമായ വൈറസ് വകഭേദങ്ങൾ ലോകത്ത് വ്യാപിച്ചേക്കാമെന്നും എമർജൻസി കമ്മിറ്റി പറയുന്നു.
അതേസമയം അന്താരാഷ്ട്ര യാത്രകൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിനെ ഡബ്ല്യൂ.എച്ച്.ഒ. എതിർത്തു. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നൽകുന്നതിന് വാക്സിനേഷൻ മാത്രമാകരുത് മാനദണ്ഡമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകത്ത് വാക്സിൻ വിതരണം ഒരേവിധത്തിലല്ല നടക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ വിശദമാക്കി.

