ഫൈസർ, മൊഡേണ തുടങ്ങിയ വാക്സിൻ എടുത്തവരിൽ അപൂർവമായി ഹൃദയത്തിന് നീർക്കെട്ട് ഉണ്ടാകാറുണ്ടെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഫൈസർ, മൊഡേണ തുടങ്ങിയ എം-ആർഎൻഎ വാക്സിനുകളുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കുത്തിവെയ്പ്പ് എടുത്തവരിൽ അപൂർവമായി ഹൃദയത്തിന് നീർക്കെട്ട് ഉണ്ടാകാറുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലഘുവായ തോതിലുള്ള ഇത്തരം പാർശ്വഫലങ്ങൾ യുവാക്കളിലാണ് കൂടുതലും കണ്ടു വരുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ വാക്സിന്റെ ഗുണഫലങ്ങൾ ഇത്തരം അപകടസാധ്യതകളെ കവച്ച് വയ്ക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ വാക്സിൻ സുരക്ഷാ ഉപദേശക സമിതി പറഞ്ഞു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ എം-ആർഎൻഎ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ചിലരിൽ ഹൃദയ പേശികൾക്ക് നീർക്കെട്ട് ഉണ്ടാകുന്ന മയോകാർഡൈറ്റിസ്, ഹൃദയഭിത്തികൾക്ക് ചുറ്റുമുള്ള പാളിക്ക് നീർക്കെട്ട് ഉണ്ടാക്കുന്ന പെരികാർഡൈറ്റിസ് എന്നീ അവസ്ഥയാണ് ഉണ്ടായത്. രണ്ടാം ഡോസ് വാക്സീൻ എടുത്ത് 14 ദിവസങ്ങൾക്കുള്ളിലാണ് ഈ പാർശ്വഫലങ്ങൾ കാണപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി.

വിശ്രമം കൊണ്ടും സ്റ്റിറോയ്ഡ് ഇതര ആന്റി-ഇൻഫ്ളമേറ്ററി മരുന്ന് കൊണ്ടും നീർക്കെട്ട് പരിഹാരിക്കാമെന്ന് സുരക്ഷാ സമിതി വ്യക്തമാക്കുന്നു. വാക്സിൻ അനുബന്ധ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള യുഎസ് വാക്സിൻ അഡ്വേർസ് ഇവന്റ്സ് റിപ്പോർട്ടിങ്ങ് സിസ്റ്റത്തിന്റെ കണക്കുകൾ അനുസരിച്ച് പുരുഷന്മാരിൽ 10 ലക്ഷം ഡോസുകളിൽ 40.6 കേസുകളിലാണ് മയോകാർഡൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ത്രീകളിൽ പത്ത് ലക്ഷം ഡോസുകളിൽ 4.2 കേസുകളും റിപ്പോർട്ട് ചെയ്തു. വാക്സിൻ സ്വീകരിച്ചവർക്ക് നെഞ്ച് വേദന, ശ്വാസംമുട്ടൽ, ഹൃദയമിടിപ്പിൽ വ്യതിയാനം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി ഡോക്ടറെ കാണണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി മുന്നറിയിപ്പ് നൽകി. എംആർഎൻഎ പ്ലാറ്റ്ഫോം ഉപയോഗിക്കാത്ത ഓക്സ്ഫഡ്, ജാൻസൻ തുടങ്ങിയവയുടെ വാക്സിനുകളിൽ ഈ പാർശ്വഫലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യൂറോപ്യൻ മെഡിക്കൽ ഏജൻസി ചൂണ്ടിക്കാട്ടി.