വെബ്‌സൈറ്റുകളുടെ ഹാക്ക് ചെയ്യാൻ ശ്രമം നടത്തി പാകിസ്താൻ ഹാക്കർമാർ; സഹായത്തിന് ചൈനയും

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ച് പാകിസ്താൻ ഹാക്കർമാർ. രാജ്യത്തുള്ള ഒന്നിലേറെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർമാർ ഹാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൂമൻ ടെക്‌നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന വിഭാഗമായ ബ്ലാക്ക് ലോട്ടസ് ലാബ് ആണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റായ മൈക്കൽ ബെഞ്ചമിനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ട്രോജൻ വൈറസിനെ ഹാക്കർമാർ ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്നബ്ലാക്ക് ലോട്ടസിന്റെ കണ്ടെത്തൽ. രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാൻ ഇത്തരം വൈറസുകളിലൂടെ സാധിക്കുമെന്നാണ് ഗൗരവമേറിയ കാര്യം. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്‌സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ട്രോജൻ വൈറസിനെ കമ്പനി വെബ്‌സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയിരിക്കുന്നത്.

പാകിസ്താൻ ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാൻ സാദ്ധ്യതയുള്ളതായും സംശയിക്കപ്പെടുന്നുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ച പാകിസ്ഥാൻ നെറ്റ്വർക്കായ സോങ്ങ് 4 ജി, ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വസ്തുതയാണ് ചൈനയുടെ പങ്കിനെ കുറിച്ച് സംശയിക്കാനുള്ള പ്രധാന കാരണം.