ജി സുധാകരനെ കടന്നാക്രമിക്കാനുള്ള നീക്കം: അണികളിൽ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുതിർന്ന നേതാവ് ജി. സുധാകരൻ സജീവമായില്ലെന്ന പരാതിയിൽ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചതിന് പിന്നാലെ പ്രവർത്തകരിൽ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ ജില്ലയിൽ തന്നെ പാർട്ടി നിലപാടിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സുധാകരനെ ലക്ഷ്യം വെച്ചുള്ള കടന്നാക്രമണമാണ് ചിലർ നടത്തുന്നതെന്നാണ് അണികൾ പറയുന്നത്.

ജില്ലാ കമ്മിറ്റിയിലാണ് ജി സുധാകരനെതിരെ ചില നേതാക്കൾ വിമർശനം നടത്തിയത്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു സുധാകരനെതിരെ വിമർശനം ഉയർന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളിൽ 6200 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്.

എന്നാൽ, ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 25 വാർഡുകളിൽ 1400 വോട്ടുകൾക്ക് ഇടതുമുന്നണി പിന്നാക്കം പോയി. 2016 ൽ ആലപ്പുഴ മണ്ഡലത്തിൽ 83.211 വോട്ടുകളാണ് തോമസ് ഐസക്കിന് ലഭിച്ചത്. എന്നാൽ, ഇത്തവണ ചിത്തരഞ്ജന് 73,412 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 9799 വോട്ടുകളുടെ കുറവ് ഉണ്ടായി. അമ്പലപ്പുഴയിൽ 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ ജി. സുധാകരൻ നേടിയ 63,069 വോട്ടുകളേക്കാൾ 1704 വോട്ടുകളാണ് എച്ച്. സലാമിന് കുറഞ്ഞത്.

അരൂർ, മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇവയൊന്നും ചർച്ചയ്‌ക്കെടുക്കാതെ അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞത് മാത്രമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർത്തിക്കാട്ടിയതെന്ന വിമർശനം ശക്തമാണ്. തെരഞ്ഞെടുപ്പിൽ സുധാകരൻ സജീവമായിരുന്നെന്ന് വ്യക്തമാക്കിയാണ് അമ്പലപ്പുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സിപിഎമ്മിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിക്കാതെയാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്നും വിമർശനം ഉയരുന്നുണ്ട്.