കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ട്; ജനങ്ങൾക്ക് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ ജനങ്ങൾക്ക് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ പ്രതിദിന വാക്സിനേഷൻ സംബന്ധിച്ച കണക്കുകളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകൾക്ക് 2021 ഡിസംബർ അവസാനത്തോടെ രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കണമെങ്കിൽ പ്രതിദിനം 80 ലക്ഷം പേർക്ക് വാക്‌സിൻ നൽകേണ്ടി വരും. എന്നാൽ രാജ്യത്ത് പ്രതിദിനം വിതരണം ചെയ്യുന്ന വാക്‌സിന്റെ കണക്കെടുത്താൽ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി പ്രതിദിനം 34 ലക്ഷം മാത്രമാണെന്നും രാഹുൽഗാന്ധി പറയുന്നു. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്.

രാജ്യത്ത് കോവിഡ് സ്ഥിതിഗതികൾ ഇപ്പോഴും അപകടകരമായി തന്നെ തുടരുകയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.