കേരളത്തില്‍ ഇനി നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്

കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്. തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്തെ എം എല്‍ എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. രാജകീയ സ്വീകരണമാണ് തെലങ്കാനയില്‍ ലഭിച്ചതെന്നും ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്‌സറ്റൈയില്‍സിന് വേണ്ടി വാറങ്കലും മറ്റേത് ജനറല്‍പാര്‍ക്കുമാണ്. താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എല്‍ എയോടാണ്. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എം എല്‍ എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂര്‍ എം എല്‍ എ, മൂവാറ്റുപുഴ എം എല്‍ എ, തൃക്കാക്കര എം എല്‍ എ, എറണാകുളം എം എല്‍ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്.

അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

61 ലക്ഷം ചെറുപ്പക്കാര്‍ ജോലി തേടി കേരളം വിട്ടു പോയിട്ടുണ്ട്. ബിരുദാനന്തരബിരുദമുള്ള 75 ലക്ഷം യുവാക്കള്‍ ഇന്നും കേരളത്തിലുണ്ട്. ഭരണപക്ഷത്തുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അതിനെതിരേ യുദ്ധം ചെയ്യാം. കേരളത്തില്‍ ഇനിയും വ്യവസായം നടത്തിക്കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.