ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. യുവാക്കളെ ഡിജിറ്റര്‍ ഇന്ത്യയുടെ ഭാഗമാക്കി മാറ്റണമെന്നും അതിന് സംഘടന തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം സുകുമാരന്‍ നായരോട് അഭ്യര്‍ത്ഥിച്ചു.സ്‌കില്‍ ഇന്ത്യയ്ക്കും, ഡിജിറ്റല്‍ ഇന്ത്യയ്ക്കും എല്ലാവിധ പിന്തുണയും നല്കുമെന്ന് എന്‍എസ്എസ് വ്യക്തമാക്കിയതായി മന്ത്രി ട്വീറ്റ് ചെയ്തു.
ആഗോള തൊഴില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഇന്ത്യന്‍ യുവാക്കള്‍ക്കു ലഭിക്കുന്ന പദ്ധതികളും നയങ്ങളുമാണു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വികസനത്തില്‍ നിന്നു രാഷ്ട്രീയം മാറ്റിവച്ചാല്‍ കേരളത്തിനും കുതിപ്പിന്റെ ഭാഗമാകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2015 ലാണ് പ്രധാനമന്ത്രി മോദി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടത്. ഡിജിറ്റല്‍ മേഖലയിലെ പുരോഗതി കോവിഡ് സമയത്ത് ഉപകാരപ്പെട്ടു. എല്ലാം വലിയ തടസ്സങ്ങളില്ലാതെ നടന്നത് ഈ പദ്ധതി കാരണമാണെന്നും അദേഹം പറഞ്ഞു.

