തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് കോവിഡ് ഡേറ്റ മാനേജ്മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം തുടങ്ങിയവ ആഴ്ചയില്‍ വിശകലനം ചെയ്യുക എന്നിങ്ങനെയുള്ള കണക്കുകള്‍ പരിശോധിക്കുന്നതിനായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിവിധ സംഘങ്ങളുണ്ട്. ഇവരെ നിയന്ത്രിക്കുക ഇനി ശ്രീറാം ആകും.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആയ ശ്രീറാമിനെ നേരത്തെ വിവാദത്തെ തുടര്‍ന്നു മറ്റു ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചപ്പോഴും പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന് തിരിച്ചു വിളിച്ചിരുന്നു.
2019 ഓഗസ്റ്റ് 3ന് ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ കാര്‍ ഓടിച്ചതു താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്നുമാണു ശ്രീറാമിന്റെ മൊഴി. കേസിനെത്തുടര്‍ന്നു സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ 2020 മാര്‍ച്ചിലാണു സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്.

