കേന്ദ്രമന്ത്രിസഭാ പുന:സംഘടന: മലയാളി തിളക്കമായി രാജീവ് ചന്ദ്രശേഖർ; മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദിസർക്കാരിന്റെ കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയിലെ മലയാളി തിളക്കമായി രാജീവ് ചന്ദ്രശേഖർ. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പിയാണ് രാജീവ് ചന്ദ്രശേഖർ.

മൂന്ന തവണ എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗമായിരുന്നു അദ്ദേഹം. ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.ടെക് ബിരുദ് നേടിയ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.

വി. മുരളീധരനാണ് കേന്ദ്രമന്ത്രിസഭയിലെ മറ്റൊരു മലയാളി സാന്നിദ്ധ്യം. മറ്റു മുതിർന്ന മന്ത്രിമാരെ ഉൾപ്പെടെ ഒഴിവാക്കിയപ്പോൾ വി. മുരളീധരനെ സർക്കാർ നിലനിർത്തുകയായിരുന്നു.

പുതുമുഖങ്ങളുടെ സാന്നിദ്ധ്യവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയാണ് രണ്ടാം മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുന:സംഘടന നടന്നത്. 43 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിൽ ഇടംനേടിയിരിക്കുന്നത്.

നാരായൺ റാണ, ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, കിരൺ റിജിജു, ഹർദീപ് പുരി, ജി.കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ, ആർസിപി സിംഗ്, ഡോ. വീരേന്ദ്ര കുമാർ, അനുപ്രിയ പട്ടേൽ, പശുപതി കുമാർ പരാസ്, അശ്വനി വൈഷ്ണവ്, രാജ് കുമാർ സിംഗ്, മൻസുഖ് മാണ്ഡവിയ, ഭൂപേന്ദർ യാദവ്, പുരുഷോത്തം രൂപാല, രാമചന്ദ്ര പ്രസാദ് സിങ്, സത്യപാൽ സിങ് ബാഘേൽ, ശോഭ കരന്ദലജെ, മീനാക്ഷി ലേഖി തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ട്. നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സർബാനന്ദ സോനോവാളും ഡോ വീരേന്ദ്ര കുമാറും സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം കേന്ദ്രമന്ത്രിമാരായ ഡി.വി സദാനന്ദ ഗൗഡ, രവിശങ്കർ പ്രസാദ്, താവർചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാൽ, ഡോ. ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, സന്തോഷ് കുമാർ ഗാംഗ്വർ, ബാബുൽ സുപ്രിയോ, ധോത്രേ സഞ്ജയ് ഷംറാവു, രത്തൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി തുടങ്ങിയവർ മന്ത്രിസഭയിൽ നിന്നും രാജി വെച്ചു.