ഡെൽറ്റയ്ക്ക് പിന്നാലെ ലാംബ്ഡയും; കൂടുതൽ അപകടകാരിയെന്ന് ഗവേഷകർ

covid

ലണ്ടൻ: കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. രോഗവ്യാപനവും വൈറസിന് സംഭവിക്കുന്ന ജനിതക വകഭേദങ്ങളുമാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.

കോവിഡിന്റെ ആദ്യ ഘട്ടത്തിലെ വ്യാപനത്തിന് കാരണം ആൽഫാ വകഭേദമായിരുന്നു. പിന്നീട് ആൽഫാ വകഭേദത്തേക്കാൾ രോഗവ്യാപന സാധ്യത കൂടുതലുള്ള ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വകഭേദമായിരുന്നു. പിന്നീട് ഡെൽറ്റാ പ്ലസ് എന്ന വകഭേദം കണ്ടെത്തി. എന്നാൽ ഇവയ്‌ക്കെല്ലാം ശേഷം കോവിഡിന്റെ മറ്റൊരു ജനിതക വകഭേദം കൂടി കണ്ടെത്തിയിരിക്കുകയാണ്. ലാംബ്ഡ എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനത്തോടെ പെറുവിലാണ് ലാംബ്ഡ വകഭേദം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നിലവിൽ 31 ലധികം രാജ്യങ്ങളിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ ഇതുവരെ ‘ലാംബ്ഡ’ വകഭേദമുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോകത്തിൽ തന്നെ കോവിഡ് മരണനിരക്ക് കൂടിയ പെറുവിൽ 80 ശതമാനത്തിലധികം കേസുകളും നിലവിൽ ‘ലാംബ്ഡ’ വകഭേദം മൂലമുണ്ടാകുന്നതാണെന്നാണ് സൂചന. യുകെയിലും ‘ലാംബ്ഡ’ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നാണ് വിവരം.

ആദ്യതരംഗത്തിൽ ഉണ്ടായിരുന്ന ‘ആൽഫ’ വകഭേദത്തെക്കാൾ 60 ശതമാനം കൂടുതലായിരുന്നു ‘ഡെൽറ്റ’ വകഭേദത്തിന്റെ രോഗ വ്യാപനസാധ്യത. അതിനേക്കാൾ കൂടുതലായിരുന്നു ഡെൽറ്റ പ്ലസിൽ ഉണ്ടായിരുന്നത്. ഇതിലും കൂടുതലാണ് ‘ലാംബ്ഡ’യിലുള്ളതെന്നാണ് ഗവഷകർ വ്യക്തമാക്കുന്നത്. വാക്സിനെ തോൽപിച്ചുകൊണ്ട് മനുഷ്യശരീരത്തിൽ കയറിപ്പറ്റാനും, രോഗതീവ്രത വർധിപ്പാനും, മരണനിരക്ക് വർധിപ്പിക്കാനുമെല്ലാം ‘ലാംബ്ഡ’ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഒരിക്കൽ വൈറസ് ബാധിതരായവരെ വീണ്ടും രോഗബാധിതരാക്കാനും ലാംബ്ഡ വകഭേദത്തിന് ശേഷിയുണ്ടെന്നും ഗവേഷകർ പറയുന്നു.