തിരുവനന്തപുരം: പാർട്ടി അംഗങ്ങളുടെയും അനുയായികളുടെയും സാമൂഹ്യ മാദ്ധ്യമ ഇടപെടലിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി സിപിഎം. പാർട്ടി അംഗങ്ങളുടെ സാമൂഹിക മാദ്ധ്യമ ഇടപ്പെടൽ എങ്ങനെ വേണമെന്ന് വ്യക്തമാക്കി കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ മാർഗരേഖയിലെ നിർദേശങ്ങൾ കർശനമാക്കുന്ന കാര്യം പരിശോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
രാമനാട്ടുകര സ്വർണ കവർച്ചാ ശ്രമത്തിലും കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലെ സ്വർണക്കടത്തു സംഘങ്ങളുമായി പാർട്ടി പ്രവർത്തകരുടെ പങ്ക് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലുമാണ് പാർട്ടിയുടെ നീക്കം. സമൂഹത്തിൽ പൊതുവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ട് എന്നത് വസ്തുതയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും കേസുകൾ ആയി മാറുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ഉള്ളവരും കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നുണ്ട്. അങ്ങനെ കുറ്റകൃത്യങ്ങളുടെ ഭാഗമാകുമ്പോൾ ആ രാഷ്ട്രീയ സംഘടന അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് എം എ ബേബി അറിയിച്ചു.
സമൂഹത്തിന്റെ മൊത്തത്തിലുള്ള കൊള്ളരുതായ്മകൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും ബാധിക്കും. അതിനെതിരെ വലിയ ജാഗ്രത ഉണ്ടാകണം. സിപിഎമ്മും ഇടതുപക്ഷവും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇത്തരം പ്രവണതകളിൽ ഉൾപ്പെട്ടവരെ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് എന്തു ബന്ധമുണ്ടെങ്കിലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും പാർട്ടിയുമായി ബന്ധമുണ്ടെങ്കിൽ ഒരു കുറ്റവാളിക്കും ഒരു സംരക്ഷണവും പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കില്ലെന്നും അദ്ദേഹം വിശദമാക്കി.
സിപിഎമ്മോ ഡിവൈഎഫ്ഐയോ സി പി എമ്മിന്റെ ഏതെങ്കിലും പോഷക സംഘടനയോ ഇത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കില്ല. ഇപ്പോൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആർക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. അതു കൊണ്ടു തന്നെ ഇത്തരം കുറ്റവാളികൾക്ക് ആരാധകവൃന്ദം ഉണ്ടെന്ന വാർത്തകൾ വിശ്വസിക്കാനാകില്ല. ഈ കുറ്റവാളികൾക്ക് പാർട്ടിയിൽ ആരാധകവൃന്ദം ഉണ്ടെന്ന ആരോപണത്തിനും യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ ആരെങ്കിലും ഇത്തരം ക്രിമിനലുകൾക്ക് വീരപരിവേഷം നൽകി ആരാധിക്കുന്നുണ്ടെങ്കിൽ അവരെയും പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

